അക്ഷരങ്ങളും ആശയങ്ങളും ആവിഷ്കാരങ്ങളും ആവേശത്തോടെ ഒരുമിക്കുന്ന, സംവാദങ്ങളും ചർച്ചകളും തീക്ഷ്ണതയേറ്റുന്ന,
ഭാവന നാമ്പിടുകയും മാറ്റത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയും ചെയ്യുന്ന ഇടം – മനോരമ ഹോർത്തൂസ്.
ഇത് കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക ഉത്സവം. ദേശീയ, രാജ്യാന്തര പ്രതിഭകളുടെ സംഗമവേദി.
137 വർഷമായി മലയാളത്തിന്റെ സുപ്രഭാതമായ മനോരമയിൽ നിന്ന് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിലേക്കുള്ള മായാമുദ്ര.
സ്വാഗതം, 2025 നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് രണ്ടാം എഡിഷനിലേക്ക്.
പുസ്തകങ്ങളെ പരിചയപ്പെടാനും വായനയെ ആഴത്തിൽ ഉൾക്കൊള്ളാനുമുള്ള വേദികൾ നമ്മെ കാത്തിരിക്കുന്നു.
വിവിധമേഖലകളിൽ, വിഷയങ്ങളിൽ സ്വന്തം പേരുകൾ അടയാളപ്പെടുത്തിയ അഞ്ഞൂറോളം പ്രമുഖർ
ചർച്ചകളിൽ നമുക്കു മുഖാമുഖമെത്തുന്നു. ചോദ്യങ്ങൾ ചോദിച്ചും തിരുത്തിയും തിരുത്തപ്പെട്ടും
പുതിയ കാലത്തിന്റെ ഭാഗമാകാം ഈ സ്വതന്ത്ര സംവാദങ്ങളിലൂടെ.
സാഹിത്യം,സംസ്കാരം, ശാസ്ത്രം, രാഷ്ട്രീയം, കല, വിനോദം, വിജ്ഞാനം, മനസ്സ്, മാറ്റം, വികസനം തുടങ്ങി
നമുക്കു ചുറ്റുമുള്ള എല്ലാറ്റിനെയും കുറിച്ച് ഹോർത്തൂസിൽ അറിയാം, മനസ്സിലാക്കാം, ചർച്ച ചെയ്യാം.
17–ാം നൂറ്റാണ്ടിലെ പ്രശസ്തമായ ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ നിന്ന് പേര് ഉൾക്കൊണ്ടതും
ഈ വൈവിധ്യത്തെ ആഘോഷിക്കാൻ തന്നെ. ലാറ്റിൻ ഭാഷയിൽ ‘ഹോർത്തൂസ്’ എന്നാൽ ഉദ്യാനം.
ഹോർത്തൂസ് 2025; ബുദ്ധിയെയും നൈസർഗികതയെയും ചിന്തയെയും
മനോഭാവങ്ങളെയും തൊട്ടുണർത്തുന്ന
എത്രയോ ആശയങ്ങൾ പിറക്കുകയും പൂക്കുകയും ചെയ്യുന്ന സാംസ്കാരിക ഉദ്യാനം!
നീയുണ്ടെങ്കിലേ എനിക്ക് നിലനിൽപുള്ളൂ എന്ന വലിയ തത്വചിന്തയുടെ ഭാഗമായ ഞാൻ –നീ – നാം എന്ന
ബഹുസ്വരതയുടെ, ഒരുമയുടെ, സന്ദേശമാണ് ഇക്കുറി ഹോർത്തൂസിന്റെ അടയാളവാക്യം.
സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും പങ്കുവയ്ക്കലിന്റെയും വിശാലമായ
അനുഭവ ലോകത്തേക്ക് കടന്നുവരിക.
വേമ്പനാട്ടുകായലിനരികിൽ, കൊച്ചിയുടെ ഹൃദയമായ സുഭാഷ് പാർക്കിലും പരിസരത്തുമായി ഹോർത്തൂസ്
അരങ്ങേറും. പുസ്തകമേള, സാഹിത്യ– സാഹിത്യേതര ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സ്റ്റാൻഡ് –അപ് കോമഡി,
സിനിമ, വിഡിയോ ആർട്, ഫൊട്ടോഗ്രഫി വർക്‌ഷോപ്, നാടകം, സംഗീത–നൃത്ത അവതരണങ്ങൾ, കരകൗശല– ചിത്രകലാ
ശിൽപശാലകൾ, പാചകപരിപാടികൾ അങ്ങനെ കാഴ്ചകളുടെ പൂക്കാലം നിങ്ങൾക്ക് ആസ്വദിക്കാം.
ഒരിക്കൽക്കൂടി ഹൃദയപൂർവം സ്വാഗതം, നമ്മുടെ സാഹിത്യ– സാംസ്കാരിക ഉത്സവത്തിലേക്ക്.